Skip to content Skip to footer

സമുദ്രോല്‍പന്ന കയറ്റുമതി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കും: സീവീഡ് ഇക്കോണമി’യുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രം

 

കൊച്ചി:ഏറെ വരുമാന സാധ്യതയുള്ള കടല്‍പായല്‍ കൃഷി അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമ്പദ്വ്യവസ്ഥ (സീവീഡ് ഇക്കോണമി) വികസിപ്പിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നു. സാധ്യമായ ഇടങ്ങളിലെല്ലാം വന്‍തോതില്‍ കടല്‍പായല്‍ കൃഷി ചെയ്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂട്ടാനും കേന്ദ്രം ശ്രമിക്കുമെന്ന് ഫിഷറീസ് സെക്രട്ടറി ജതീന്ദ്രനാഥ് സൈ്വന്‍ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രത്യാഘാതം ചെറുക്കാന്‍ പ്രകൃതിദത്ത പരിഹാരമാര്‍ഗമായി കരുതപ്പെടുന്ന കടല്‍പായല്‍ കൃഷി ഒരേ സമയം പ്രകൃതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ശാസ്ത്രജ്ഞരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കടല്‍പായല്‍ കൃഷി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അധികവരുമാനത്തിനുള്ള വഴിയാണ്. ഈ മേഖല ശക്തിപ്പെടുത്തുന്നതിലൂടെ, മഹാമാരിയും കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളും മൂലം പ്രതിസന്ധിയിലായ ഇവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐയിലെത്തിയ ജതീന്ദ്രനാഥ് സൈ്വന്‍ പറഞ്ഞു.

കടല്‍പായല്‍ കൃഷി ജനകീയമാക്കുന്നതിനായി വിത്തുബാങ്ക് സ്ഥാപിക്കാന്‍ അദ്ദേഹം സിഎംഎഫ്ആര്‍ഐയോട് ആവശ്യപ്പെട്ടു. ഈ കൃഷി വ്യാപിപ്പിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശാസ്ത്രസമൂഹത്തിന്റെ പിന്തുണ വേണം. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയില്‍ കടല്‍പായല്‍ കൃഷിക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ള സമുദ്രോല്‍പന്ന കയറ്റുമതി ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടുന്നതിന്റെ മത്സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ വിവിധ വഴികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ ആളോഹരി വരുമാനം വര്‍ധിപ്പിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കും. മത്സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ സാങ്കേതികവിദ്യകളുടെ പുരോഗതി പ്രയോജനപ്പെടുത്തും.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കൂടുമത്സ്യകൃഷി മികച്ച ഉപാധിയായി വികസിച്ചിട്ടുണ്ട്. കൂടുകൃഷി ജനകീയമാക്കുന്നതില്‍ സിഎംഎഫ്ആര്‍ഐ വലിയ പങ്കാണ് വഹിച്ചത്. കടലില്‍ മത്സ്യ-ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിക്കുന്ന സീറാഞ്ചിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. തമിഴ്നാട്ടില്‍ സിഎംഎഫ്ആര്‍ഐ നടപ്പിലാക്കി വരുന്ന കുഴിക്കാര ചെമ്മീനിന്റെ സീറാഞ്ചിംഗ് കടലില്‍ ഇവയുടെ അളവ് സുസ്ഥിരമായി നിലനിര്‍ത്താന്‍ സഹായകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സമുദ്രമത്സ്യമേഖലയെ സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് ഉത്തരവാദിത്വ മത്സ്യബന്ധനരീതി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐയുടെ കൊച്ചിയിലെ ശാസ്ത്രജ്ഞര്‍ക്ക് പുറമെ, സിഎംഎഫ്ആര്‍ഐയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും പരിപാടിയില്‍ പങ്കെടുത്തു. ഫിഷറീസ് ജോയിന്റ് സെക്രട്ടറി ഡോ ജെ ബാലാജി, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

Show CommentsClose Comments

Leave a comment