സെപ്റ്റംബർ 19 ന് തുടങ്ങാനിരിക്കുന്ന ഈ വർഷത്തെ ഐ പി എൽ ടൂർണമെന്റ്, ഒക്ടോബർ 1 ന് തുടങ്ങാനിരിക്കുന്ന ദുബായ് എക്സ്പോ, ഒക്ടോബർ 17 ന് തുടങ്ങാനിരിക്കുന്ന ഐസിസി T20 ലോകകപ്പ് എന്നിവയും രാജ്യത്തേക്കുള്ള സന്ദർശകരുടെ ഒഴുക്ക് കൂട്ടാൻ കാരണമാവുന്നുണ്ട്.
ഓഗസ്റ്റ് 30ഓടെ പൂർണ്ണമായും വാക്സിനെടുത്ത സന്ദർശകർക്കായി അതിർത്തികൾ തുറന്നിരിക്കുകയാണ് യുഎഇ. ഇതോടെ ഇന്ത്യയിൽ നിന്നുള്ള നിരവധി പേരാണ് ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇലേക്ക് യാത്ര ചെയ്യുന്നവർ കോവിഷീൽഡ് വാക്സിനാണെടുക്കേണ്ടത്. കൂടാതെ യാത്രക്കാരുടെ എണ്ണം കൂടിയതോടെ സെപ്റ്റംബർ 10 വരെയുള്ള വിമാന ടിക്കറ്റ് നിരക്കിലും വർദ്ധനവ് നേരിട്ടു.
യുഎഇലെ വർദ്ധിച്ചുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിന് പുറമെ സെപ്റ്റംബർ 19 ന് തുടങ്ങാനിരിക്കുന്ന ഈ വർഷത്തെ ഐ പി എൽ ടൂർണമെന്റ്, ഒക്ടോബർ 1 ന് തുടങ്ങാനിരിക്കുന്ന ദുബായ് എക്സ്പോ, ഒക്ടോബർ 17 ന് തുടങ്ങാനിരിക്കുന്ന ഐസിസി T20 ലോകകപ്പ് എന്നിവയും രാജ്യത്തേക്കുള്ള സന്ദർശകരുടെ ഒഴുക്ക് കൂട്ടാൻ കാരണമാവുന്നുണ്ട്. കൂടാതെ, നവംബർ 14 ന് ദുബായിൽ വെച്ചാവുംT20 യുടെ ഫൈനൽ മത്സരം നടത്തപ്പെടുക. ഒക്ടോബർ 24 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്താൻ മാച്ചും സന്ദർശകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനെടുത്ത ടൂറിസ്റ്റുകൾ ക്വാറന്റീനിൽ ഇരിക്കേണ്ട ആവശ്യമില്ലെന്ന് വ്യാഴാഴ്ച അബുദാബിയും അറിയിച്ചിരുന്നു. എന്നാൽ യാത്ര തുടങ്ങുന്നതിന് മുൻപും നഗരത്തിലെത്തിയ ശേഷവും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ അബുദാബിയിലെത്തി നിശ്ചിത ദിവസത്തിന് ശേഷവും കോവിഡ് പരിശോധനക്ക് വിധേയരാവണം.
രാജ്യത്ത് വരാൻ പോകുന്ന പരിപാടികൾ കാരണം ദുബായിലേക്കുള്ള വിമാനങ്ങളെല്ലാം നിറയെ യാത്രക്കാരെയും വഹിച്ചാണ് പോകുന്നത്. ഒരു മുൻനിര യാത്രാ വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ചാർജ്ജ് 16,233 രൂപയിൽ നിന്ന് 30,261 രൂപ വരെയായി ഉയർന്നു. അതേസമയം ബംഗളുരുവിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് വില 17,778 രൂപയിൽ നിന്ന് ഉയർന്ന 31,942 രൂപയിലെത്തി. സെപ്തംബർ 10 വരെയുള്ള ടിക്കറ്റ് നിരക്കാണിത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ പോകുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ദുബായ്. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ഏപ്രിലിലാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾ ക്രമേണ നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയാണ് ഈ അറബ് രാജ്യം.
യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോരിറ്റിയാണ് ഓഗസ്റ്റ് 30 മുതൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ച സന്ദർശകർക്ക് രാജ്യത്തേക്ക് വരാം എന്ന പ്രഖ്യാപനം നടത്തിയത്.
അബുദാബി സർക്കാർ മീഡിയ ഓഫീസിന്റെ ഔദ്യോഗിക സൈറ്റിലും ലോകാരോഗ്യ സംഘടന അംഗീകരിച്ച് വാക്സിൻ എടുത്തവർക്ക് സെപ്തംബർ 5 മുതൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.