704Views 0Comments

കെയർ വർക്കർ തസ്തികയെ ഷോർട്ടേജ് ലിസ്റ്റിൽ ഉൾപ്പെടുത്തും; ആയിരക്കണക്കിന് മലയാളി നഴ്‌സുമാർക്ക് വിവിധ കെയറർ വിസയിൽ യുകെയിലെത്താം, 5 വർഷ കാലാവധിയിൽ അടുത്തവർഷം ആദ്യം മുതൽ നിയമനം; പൗരത്വത്തിനും അവസരം
യുകെയിലെ കെയറിങ് മേഖലയിലെ വിവിധ തസ്തികകളിൽ കെയർ വർക്കർമാരുടെ കുറവ് രൂക്ഷമായതോടെ, വിദേശ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കെയറർമാരെ അടിയന്തരമായി റിക്രൂട്ടുചെയ്യുവാൻ സർക്കാർ തീരുമാനിച്ചു.
യോഗ്യതകളിൽ ഇളവുകൾ വരുത്തിയാകും നിയമനമെന്നതിനാൽ, ഇതുവരേയും യുകെയിലെത്താൻ കഴിയാതിരുന്ന ആയിരക്കണക്കിന് മലയാളി നഴ്‌സുമാർക്ക് ഈ അവസരം പ്രയോജനപ്പെടുത്തി യുകെ ജോലി എന്ന സ്വപ്നം പൂവണിയിക്കാം.
സോഷ്യൽ കെയർ വർക്കർമാർ, കെയർ അസിസ്റ്റന്റുമാർ, ഹോം കെയർ വർക്കർമാർ എന്നിവർക്ക് 12 മാസത്തേക്ക് ഹെൽത്ത് ആന്റ് കെയർ വിസയാണ് ആദ്യം നൽകുക. ഇത് പിന്നീട് അവരുടെ യോഗ്യതയുടേയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ 5 വർഷ കാലാവധി വരെയാക്കി നീട്ടി നൽകും.
അതിനുശേഷവും യുകെയിൽ സെറ്റിൽമെന്റ് നടത്തി പൗരത്വത്തിനായും ഈ നഴ്‌സുമാർക്ക് അപേക്ഷിക്കാൻ കഴിയും.
വിദേശത്ത് നിന്നുള്ള കെയർ വർക്കർമാർക്ക് അവരുടെ ജീവിത പങ്കാളികളും കുട്ടികളും ഉൾപ്പെടെയുള്ള ആശ്രിതർക്കൊപ്പം യുകെയിലേക്ക് മാറാൻ കഴിയുമെന്നും വിസ സെറ്റിൽമെന്റിനുള്ള പാത വാഗ്ദാനം ചെയ്യുമെന്നും ഡിഎച്ച്എസ്‌സി അറിയിപ്പിൽ പറയുന്നു.
ഏറ്റവും കുറഞ്ഞ വാർഷിക ശമ്പളം £20,480 ഓഫറുള്ള കെയറർമാർക്കാകും ഹോം ഓഫീസ് വിസ അനുവദിക്കുക. അതുപോലെ നഴ്‌സിംഗ് ഡിഗ്രിയിൽ ഇളവ് നല്കുമെന്നതിനാൽ ബിഎസ്‌സി നഴ്സുമാരല്ലാത്ത ജനറൽ നഴ്‌സുമാർക്കും അവസരം ലഭിക്കും.
എന്നാൽ ഒരുവർഷത്തെ പ്രവർത്തന പരിചയം വേണമെന്നുള്ളത് ഒഴിവാക്കുമോയെന്ന് വ്യക്തമല്ല. അതുപോലെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന ഐഇഎൽടിഎസ് ടെസ്റ്റ് ഒഴിവാക്കുമോ അല്ലെങ്കിൽ സ്‌കോറിൽ ഇളവ് അനുവദിക്കുമോ എന്നകാര്യവും ഇപ്പോൾ വ്യക്‌തമല്ല.
ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇളവുകളുടെ വിശദമായ വിവരങ്ങളും ജനുവരി പകുതിയോടെ ഹോം ഓഫീസ് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് മൈഗ്രെഷൻ അഡ്‌വൈസറി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് കെയർ വർക്കർ തസ്തികയെ ഷോർട്ടേജ് ഒക്ക്യൂപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അപേക്ഷകളുടെ ഫാസ്റ്റ് ട്രാക്ക് പ്രോസസ്സിംഗും ഉണ്ടായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇളവുകളിൽ വിസ ഫീസ് കുറയ്ക്കുന്നത് ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ മൂന്ന് വർഷം വരെ യുകെയിൽ താമസിക്കുന്നവർക്ക് ഹെൽത്ത് ആന്റ് കെയർ വർക്കർ വിസയ്ക്കുള്ള സ്റ്റാൻഡേർഡ് അപേക്ഷാ ഫീസ് ഒരാൾക്ക് 232 പൗണ്ടും മൂന്ന് വർഷത്തിൽ കൂടുതൽ കാലാവധിയിലേക്ക് ഒരാൾക്ക് 464 പൗണ്ടുമാണ്.
വിസ കാലാവധി കൂട്ടുന്നതിന് മുമ്പ് സ്വാഭാവിക കാലാവധി അഞ്ച് വർഷം വരെ നീണ്ടുനിൽക്കും.
കഴിഞ്ഞ ആറുമാസത്തിനിടെ 40000 ത്തിലേറെ കെയറർമാരാണ് ജോലി ഉപേക്ഷിച്ചത്. വാക്‌സിൻ നിർബന്ധമാക്കിയതും യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിട്ടുമാറിയ ബ്രെക്‌സിറ്റും ഈ രംഗത്തെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചു.
യോഗ്യതക്കുറവുള്ള മലയാളി നഴ്‌സുമാർക്ക് ഇത് നല്ലൊരു അവസരമാകും. പ്രത്യേകിച്ച് ഐഇഎൽടിഎസിൽ കൂടുതൽ ഇളവുകൾ അനുവദിക്കുകയാണെങ്കിൽ.
2022 തുടക്കത്തോടെ തന്നെ റിക്രൂട്ട്മെന്റ് തുടങ്ങുമെന്ന് ഹോം ഓഫീസ് അറിയിപ്പിൽ പറയുന്നു. കഴിയുന്നതും നേരിട്ടോ അല്ലെങ്കിൽ വിശ്വസ്തരും പ്രവർത്തന പരിചയവുമുള്ള ഏജൻസികളെ ബന്ധപ്പെട്ടോ മാത്രം അപേക്ഷ നൽകുവാൻ ശ്രദ്ധിക്കുക.
യുകെ ഹോം ഓഫീസോ എൻഎച്ച്എസോ അവരുടെ അംഗീകൃത ഏജന്റുമാരോ കെയറർ / നഴ്‌സിംഗ് നിയമനത്തിനായി പണം വാങ്ങില്ലെന്നതും തിരിച്ചറിയുക.