2638Views 0Comments

കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു
കുടുംബശ്രീ ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാർക്കും ഓൺലൈൻ വഴി പണം സ്വീകരിക്കാൻ ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ, സെൽഫ് സർവീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി സാധനം വാങ്ങുന്നതിന് കാഞ്ഞങ്ങാട് നഗസഭയിൽ ഡിജിറ്റൽ ഓൺ ബോർഡിംഗ് ആരംഭിക്കുന്നു. ഡിജിറ്റൽ ഇടപാട് ആരംഭിക്കുന്നതിന്റെ ഭാഗമായി തെരുവ് കച്ചവടക്കാർക്ക് ക്യു ആർ കോഡ് വിതരണവും ഡിജിറ്റൽ ഓൺ ബോർഡിംഗ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കച്ചവടം നടത്തുന്ന 91 പേർക്കാണ് ക്യു.ആർ കോഡ് നൽകിയത്. ക്യാമ്പ് നഗരസഭ ചെയർപേഴ്‌സൺ കെ. വി.സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി അഹമ്മദലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ കെ.വി മായാകുമാരി, സി ഡി എസ് ചെയർപേഴ്‌സൺ കെ സുജിനി , നഗരസഭ സെക്രട്ടറി റോയ് മാത്യു, ഹെൽത്ത് സൂപ്പർവൈസർ അരുൾ പി.എൻ യു എൽ എം കോർഡിനേറ്റർ സി എം ബൈജു , ജില്ലാ കോർഡിനേറ്റർ നൌഫൽ എന്നിവർ സംസാരിച്ചു.
പട്ടികവർഗ വിഭാഗക്കാർക്ക് കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് ആനുകൂല്യം
കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾക്ക് എസ് ടി വിഭാഗക്കാർക്ക് അപേക്ഷിക്കാം. കാർഷിക ഉൽപന്ന സംസ്കരണ മൂല്യവർധന യന്ത്രങ്ങൾ, കാടുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിൻസോ, ട്രാക്ടറുകൾ, പവ്വർ ട്രില്ലർ, ഗാർഡൻ ടില്ലർ, സ്പ്രേയറുകൾ, എണികൾ, വീൽബാരോ, കൊയ്ത്തുയന്ത്രം, ഞാറുനടീൽ യന്ത്രം, നെല്ലു കുത്ത് മിൽ, ഓയിൽ മിൽ, ഡ്രൈയറുകൾ, വാട്ടർ പമ്പ് എന്നിവ സബ്സിഡിയോടെ ലഭിക്കും.
കാർഷിക കേന്ദ്രങ്ങൾക്ക് 50 ശതമാനം വരെയും കാർഷിക ഉൽപ്പന്ന സംസ്കരണം മൂല്യവർദ്ധന യന്ത്രങ്ങൾക്ക് 60 ശതമാനം വരെയും സബ്സിഡി ലഭിക്കും. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കിൽ നിർബന്ധനകളോടെ 8 ലക്ഷം രൂപവരെയും കാർഷിക കേന്ദ്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിൽ ലഭിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ അറിയുന്നതിനും രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനും agrimachinery.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് സംശയ നിവാരണങ്ങൾക്കും, സഹായങ്ങൾക്കും തൃശൂർ ചെമ്പൂക്കാവ് കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലോ അക്ഷയകേന്ദ്രങ്ങളിലോ ജില്ലയിലെ കൃഷിഭവനുകളിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 9383471425, 0487-2325208