796Views 0Comments

ഇന്ത്യൻ യുവാക്കൾ മുഴുവൻ യുകെയിൽ എത്തുമോ? വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകളും യൂട്യൂബർമാരുടെ വിളയാട്ടവും!
ഈ മാസമാദ്യമാണ് ടൈംസ് പത്രത്തിൽ ഇന്ത്യക്കാർക്കുള്ള പുതിയ വിസ ഇളവുകളെക്കുറിച്ചുള്ള വാർത്ത വന്നത്. യുകെയുടെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ആൻ-മേരി ട്രെവെലിയൻ ഈ മാസം ഡെൽഹിയിലേക്ക് പോകുമ്പോൾ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ചിലതിനെക്കുറിച്ചയിരുന്നു റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നത്.
ഇക്കാര്യം അന്നുതന്നെ ബ്രിട്ടീഷ്‌പത്രവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് കണ്ടത് ഇന്ത്യക്കാർക്ക് വലിയ ഇളവുകൾ യുകെ സർക്കാർ നൽകിക്കഴിഞ്ഞു എന്ന രീതിയിലുള്ള വ്യാജ ഓൺലൈൻ വർത്തകളുടേയും സോഷ്യൽ മീഡിയ പോസ്റ്റുകളുടേയും യൂട്യൂബർമാരുടേയുമെല്ലാം ഒരു വിളയാട്ടമാണ്.
ഇന്ത്യൻ യുവാക്കൾക്കെല്ലാം ഐഇഎൽടിഎസോ നഴ്‌സിംഗ് യോഗ്യതയോ ഇല്ലാതെ കെയറർമാരാകാമെന്നും യുകെയിലെ ഹോട്ടലുകളിൽ ആറായിരം മുതൽ പതിനായിരം പൗണ്ടുവരെ പ്രതിമാസ വേതനം ലഭിക്കുന്ന ജോലി ലഭിക്കുമെന്നുമൊക്കെയാണ് വ്യാജന്മാരുടെ വാഗ്ദാനം.
സ്വാഭാവികമായും യുകെ ജോലി പ്രതീക്ഷിച്ചു നിൽക്കുന്ന നിരവധി മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ യുവതീയുവാക്കൾ ഈ വ്യാജന്മാരുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെടുത്തിയേക്കും.
എന്താണ് യാഥാർത്ഥ്യം..? എന്താണ് യുകെയുടെ ഓഫർ..?
ടൈംസ് പത്രത്തിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് മറ്റുമാധ്യങ്ങളും ഈ വാർത്ത നൽകിയത്. യുകെയുടെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ആൻ-മേരി ട്രെവെലിയൻ ഈ മാസം അവസാനത്തോടെ ഇന്ത്യയിലേക്ക് വ്യാപാര ചർച്ചകൾക്കായി പോകുമ്പോൾ, ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ചില കാര്യങ്ങളെക്കുറിച്ചുള്ള സൂചന മാത്രമാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ പൗരന്മാർക്ക് ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് നൽകണമെന്ന ഡൽഹിയിൽ നിന്നുള്ള പ്രധാന ആവശ്യത്തെ യുകെ മന്ത്രിമാർ ഇപ്പോൾ പിന്തുണയ്ക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം തടയാൻ താൽപ്പര്യമുള്ള യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന്റെ പിന്തുണയും ആൻ-മേരി ട്രെവെലിയനുണ്ടെന്ന് പറയപ്പെടുന്നു .
എന്നാൽ ഈ ഓഫറുകളെ ഇന്ത്യൻ വംശജ കൂടിയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ശക്തമായി എതിർത്തേക്കുമെന്നും റിപ്പോർട്ടിലുണ്ട്.
എന്താണ് ഇന്ത്യക്കാർക്ക് ലഭിച്ചേക്കാവുന്ന ഓഫറുകളും ഇളവുകളും?
ഓസ്‌ട്രേലിയയ്ക്ക് അനുവദിച്ചതിന് സമാനമായ വിസയിളവുകൾ ഇന്ത്യക്കാർക്കും അനുവദിക്കും എന്നാണ് ഒരു നിഗമനം. അങ്ങനെയെങ്കിൽ ഓസ്‌ടേലിയക്കാർക്ക് ലഭിക്കുന്നതുപോലെ യുവ ഇന്ത്യക്കാർക്ക് യുകെയിൽ മൂന്നുവർഷം വരെ ജീവിക്കാനും ജോലി ചെയ്യാനും അവകാശം ലഭിക്കും.
മറ്റൊന്ന്, വിദ്യാർത്ഥികൾക്കുള്ള വിസ ഫീസ് വെട്ടിക്കുറയ്ക്കുകയും ബിരുദം നേടിയശേഷം കുറച്ചുകാലം ബ്രിട്ടനിൽ തുടരാൻ അനുവദിക്കുകയും ചെയ്യും എന്നതാണ്.
ജോലിക്കും വിനോദസഞ്ചാരത്തിനുമുള്ള വിസ ഫീസ് വളരെയേറെ കുറച്ചേക്കും. നിലവിൽ ഇതിന് £1,400 (ഒരുലക്ഷത്തി നാല്പതിനായിരം രൂപയോളം) വരെ അടയ്‌ക്കേണ്ടതുണ്ട്.
ഇന്ത്യയ്ക്ക് യു.എസുമായോ യൂറോപ്യൻ യുണിയനുമായോ ഉദാരമായ സാമ്പത്തിക – വാണിജ്യ കരാറുകൾ ഇല്ലാത്തതിനാൽ ഇന്ത്യയുമായി അത്തരമൊരു കരാറിൽ ഏർപ്പെടുന്നത് യുകെയ്ക്ക് ഗുണകരമാകുമെന്ന് മന്ത്രിമാർ കണക്കുകൂട്ടുന്നു. അതുകൊണ്ട് ഈ വിധത്തിലുള്ള വിസയിളവുകൾ നൽകി ഇന്ത്യയുടെ പ്രീതിനേടാൻ യുകെ സർക്കാർ ശ്രമിക്കുമെന്നുമാണ് വിലയിരുത്തൽ.
കാള പെറ്റെന്നുകേട്ട് കയറെടുക്കണോ.?
ഇക്കാര്യങ്ങളെല്ലാം സാധ്യതകളും നിഗമനങ്ങളും മാത്രമാണെന്ന് തിരിച്ചറിയുക.
ഓസ്‌ട്രേലിയൻ മാതൃകയിൽ യുകെ ഇന്ത്യക്കാർക്ക് വിസ അനുവദിച്ചിട്ടില്ല. വിസ ഫീസുകൾ കുത്തനെ കുറച്ചിട്ടില്ല. വിദ്യാർത്ഥികൾക്ക് നിലവിലുള്ള പോസ്റ്റ് സ്റ്റഡി കാലാവധിയല്ലാതെ കൂടുതൽ സമയം അനുവദിച്ചിട്ടില്ല. ഇക്കാര്യങ്ങൾക്കുള്ള ചർച്ചകൾക്കായി ട്രേഡ് സെക്രട്ടറി ആൻ മേരി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടു പോലുമില്ല.
ഇതൊക്കയായാണ് യാഥാർഥ്യം. ചിലപ്പോൾ ഇക്കാര്യങ്ങൾ ഇരുവശത്തേയും സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചകൾക്കുശേഷം തീരുമാനിക്കപ്പെട്ടേക്കാം. അത് പക്ഷേ സംഭവിക്കാം സംഭവിക്കാതിരിക്കാം. അങ്ങനെ സംഭവിക്കട്ടെ നല്ലത്.
ഇപ്പോളതൊക്കെ വെറുമൊരു സാധ്യതകളും നിഗമനവും മാത്രമാണ്. അതുകൊണ്ട് വ്യാജന്മാരുടെ വാചകമടിയിൽ വീണ് പണവും മറ്റ് വിലപിടിപ്പുള്ളതും വിലയേറിയ സമയവുമൊന്നും നഷ്ടപ്പെടുത്തരുതേയെന്ന് അഭ്യർത്ഥിക്കുന്നു.
യുകെ വിസയ്ക്കും തൊഴിലവസരത്തിനുമായി ഇന്ത്യൻ സർക്കാരിന്റെയും യുകെ സർക്കാരിന്റെയും അംഗീകാരമുള്ള ഏജൻസികളെ മാത്രം ബന്ധപ്പെടുക. യുകെ ഹോം ഓഫീസിന്റെയും ബോർഡർ ഏജൻസിയുടെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം വിവരത്തിനും വിസ അപേക്ഷകൾക്കുമായി ഉപയോഗപ്പെടുത്തുക.